അമ്മയെ സഹായിക്കാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചു. ഇന്ന് വരുമാനം കോടികൾ
1 min readഅമ്മയുണ്ടാക്കുന്ന സമൂസയും ബിരിയാണിയും ഒക്കെ വിൽക്കാൻ ആരെങ്കിലും ഗൂഗിളിലെ ജോലി ഉപേക്ഷിക്കുമോ? മുനാഫ് കപാഡിയ പക്ഷേ ഇതിന് തയ്യാറായി. കാരണം അമ്മയുടെ പാചകത്തിൽ നല്ല വിശ്വാസമായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും . അമ്മയുടെ പാചക വിരുതുകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ഈ ചെറുപ്പക്കാരൻ മുംബൈയിൽ ബോഹ്‌രി എന്ന പാചകരീതി ജനപ്രിയമാക്കി. ബോഹ്‍രി സമൂസ, ബോഹ്‍രി ബിരിയാണി. മട്ടൺ കീമ. ഇസ്ലാമില പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകളുടെ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളാണിവ. ഭക്ഷണപ്രിയർക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ തന്നെയൊരുക്കി മുനാഫ് സൃഷ്ടിച്ച ലോക പ്രശസ്മതമായ ഭക്ഷ്യ ശൃംഖലയ്ക്ക് ഇപ്പോൾ ബോഹ്‌രി കിച്ചൻ എന്നാണ് പേര്.
വ്യത്യസ്തമായ ഹോം-ഡൈനിങ് ആശയം
31-ാം വയസിലാണ് നല്ല ശമ്പളമുണ്ടായിരുന്ന ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് മുനാഫ് യ ബിസിനസ് രംഗത്ത് എത്തുന്നത്.എംബിഎ ബിരുദധാരിയായ ഇദ്ദേഹം വ്യത്യസ്തമായ ഒരു വിൽപ്പന രീതിയാണ് ആദ്യം പരീക്ഷിച്ചത്. ഒരു ഹോം-ഡൈനിംഗ് ആശയം അവതരിപ്പിക്കുകയും അമ്മ നഫീസ തയ്യാറാക്കുന്ന രുചികരമായ അത്താഴം കഴിക്കാൻ വീടിനോട് അനുബന്ധിച്ച് ഒരുക്കിയ ഡൈനിങ് സ്പേസിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നതായിരുന്നു രീതി. തൻെറ ഇളയ മകൻെറ വേറിട്ട ആശയത്തിന് എല്ലാ പിന്തുണയും നൽകി. 61-കാരിയായ ആ അമ്മ ഒപ്പം നിന്നു. വീട്ടിൽ കുടുംബംഗങ്ങൾക്കായി തയ്യാറാക്കിയിരുന്ന വിഭവങ്ങൾ അതേ രുചിയിൽ മറ്റുള്ളവര്‍ക്കായും വിളമ്പി. ഭക്ഷണം കഴിയ്ക്കാൻ വീട്ടിൽ എത്തിയവരുടെ മനസും നിറഞ്ഞതുകൊണ്ടാകും ബോഹ്‍രി വിഭവങ്ങൾ പെട്ടെന്ന് തന്നെ ജനപ്രിയമായി. ഇരുവരും താരങ്ങളും.
200 ചതുരശ്രയടി മുറിയിൽ നിന്ന് പാഴ്സൽ
ഹോം ഡൈനിങ് ആശയം ഏറ്റതോടെ മറ്റ് ആവശ്യക്കാരിലേക്കും ഭക്ഷണമെത്തിക്കാൻ ഇവര്‍ തീരുമാനിച്ചു. ഒരു കുടുംബത്തിനായിവലിയ തളികയിൽ ലഭ്യമാക്കിയിരുന്ന പ്രധാന വിഭവങ്ങൾക്ക് 700 രൂപയാണ് ഈടാക്കിയിരുന്നതെങ്കിലും ഇത് കഴിക്കാൻ ആയി ധാരാളം ആളുകൾ എത്തി. ഉപഭോക്താക്കൾ തന്നെയാണ് പാഴ്സൽ സേവനങ്ങൾ ആവശ്യപ്പെട്ടതും. പിന്നീട് ഒരു 200 ചതുരശ്രയടി മുറി വാടകയ്ക്ക് എടുത്ത് മുനാഫ് പാഴ്സൽ സര്‍വീസ് തുടങ്ങി. താളി വിഭവങ്ങൾ ബോക്സിലാക്കിയായിരുന്നു വിൽപ്പന. ഡിമാൻഡ് ഉയര്‍ന്നപ്പോൾ സ്വന്തം ഔട്ട്ലറ്റ് തുറക്കാൻ തന്നെ ഇവര്‍ തീരുമാനിച്ചു. 20 ലക്ഷം രൂപ നിക്ഷേപത്തിൽ ബോഹ്‍രി കിച്ചൺൻെറ ആദ്യ ഔട്ട്ലെറ്റ് തുറക്കുന്നത് അങ്ങനെയാണ്.
മുംബൈയിൽ മാത്രം അഞ്ച് ഔട്ട്ലെറ്റുകൾ.
അഞ്ച് വര്‍ഷങ്ങൾക്ക് മുമ്പും അമ്മയും മകനും ചേര്‍ന്നാണ് ബിസിനസ് തുടങ്ങിയതെങ്കിൽ ഇപ്പോൾ ഇവരെ സഹായിക്കാൻ 40 പേരുണ്ട്. മുംബൈയിൽ മാത്രം തുറന്നത് ബോഹ്‍രി കിച്ചൻെറ അഞ്ച് ഔട്ട്‍ലെറ്റുകളാണ്. എല്ലാ ഔട്ട്ലെറ്റുകളിലും നഫീസ വിളമ്പുന്ന അതേരുചിയിൽ തന്നെയാണ് ഇപ്പോഴും ഭക്ഷണം നൽകുന്നത്. വിഭവങ്ങളുടെ രുചിയിലോ ഗുണമേൻമയിലോ യാതൊരു വിട്ടുവീഴചകളുമില്ല. രണ്ട് ദിവസം കൂടുമ്പോൾ എല്ലാ ഔട്ട്ലെറ്റുകളിലും ഇവര്‍ പരിശോധന നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഈ അമ്മയും മകനും താരങ്ങളാണ്. ബോഹ്‍രി വിഭവങ്ങളുടെ ആരാധകരിൽ ഹൃഥ്വിക് റോഷനും റാണിമുഖര്‍ജിയും ഒക്കെയുൾപ്പെടുന്ന ബോളിവുഡ് താരങ്ങളും മറ്റ് സെലിബ്രിറ്റികളുമുണ്ട്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‍ഫോമുകളിലൂടെയുമുണ്ട് ഇപ്പോൾ വിൽപ്പന.